2017 മാർച്ച് 10, വെള്ളിയാഴ്‌ച

കുറി തൊടുന്നത് എന്തിന്?


കുറി തൊടുന്നത് എന്തിന് ? എങ്ങനെ ?



ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോൾ, രണ്ടു കൈമുട്ടുകൾ, നെഞ്ച്, വയർ ഭാഗം, രണ്ടു കണങ്കാലുകൾ എന്നീ ഭാഗങ്ങളിൽ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങൾ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ' തിലകമണിയൽ ' അഥവാ ' കുറിതൊടൽ ' എന്നു പറയുന്നു.

നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി.

മഹാവിഷ്ണു, പരമശിവൻ, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്പ്പത്തിൽ. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു പരിപാലകനും, പരമശിവൻ സംഹാരകനുമാണ്. അരൂപിയും, നിര്ഗുണനും, സർവ്വവ്യാപിയുമായ ആത്മദര്ശനമാണ് ശിവതത്വം. എല്ലാഭൌതിക വസ്തുക്കളും കത്തിയമര്ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവൻ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു.

ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികൾ സന്യാസിമാര്ക്കെവിധിച്ചിട്ടുള്ളൂ. കാരണംഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തിൽ (ഗോപിക്കുറി) ധരിക്കാൻ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണം വെച്ച് , പെരുവിരൽ കൊണ്ട് ഭൂമദ്ധ്യത്തിൽ (മൂക്കിൽ) സ്പർശിച്ച് നിറുത്തണം. ചൂണ്ടുവിരൽ ഉപയോഗിക്കരുത്.

ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സർവ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരൽ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തിൽ തൊടണം (ഗോപിക്കുറി). വൈഷ്ണവർ ഇതിനെ 'ഊർദ്ധപൂണ്ഡ്രം' (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാൻറെനടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി.

കുങ്കുമം ദേവിസ്വരൂപമാണ്.ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്തൊടാം. വിശാലമായ പ്രപഞ്ചത്തിൽ സർവ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു.നടുവിരൽ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ.

കുങ്കുമം ഭസ്മത്തിനോട് ചേർത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടുചേർത്ത് തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നുംകൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തിൽ (ബ്രാഹ്മമുഹൂർത്തം) ചന്ദനവും, പുലർച്ചേ കുങ്കുമവും, സായാഹ്നത്തിൽ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാൽ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികൾ ഭക്തി വർദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു.



കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ