നവദുർഗ്ഗ
ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്.
നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
ശൈലപുത്രി
ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്. നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബ്രഹ്മചാരിണി
ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു.
ചന്ദ്രഘണ്ഡാ
മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.
കൂഷ്മാണ്ഡ
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്.
സ്കന്ദമാത
ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.
കാർത്യായനി
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു.
കാലരാത്രി
ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാലരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.
മഹാഗൗരി
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.
സിദ്ധിധാത്രി
ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു.
കടപ്പാട് Whatsapp
Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ