2017, ഏപ്രിൽ 4, ചൊവ്വാഴ്ച

കാവടി നേർച്ചയുടെ ഐതിഹ്യം


കാവടി നേർച്ചയുടെ ഐതിഹ്യം

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി.

 പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. 

വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. 

പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പഴനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതിവഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.




കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ