ജടായു - പുണ്യവാനായ പക്ഷി
ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ടുപോകുന്നതിന് ഏകസാക്ഷിയായിരുന്നു ജടായു.
'ഹാ... ഹാ... രാഘവ സൗമിത്രേ...' എന്നുള്ള സീതയുടെ ഭയംനിറഞ്ഞ നിലവിളി കേട്ടാണ് ജടായു എത്തിച്ചേരുന്നത്. '' എന്റെ സ്വാമിതന്‍ പത്‌നിയെ എവിടേക്കാണ് കൊണ്ടുപോകുന്നത് മൂഢാത്മാവേ'' എന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. ''ചിറകാര്‍ന്ന പര്‍വതം പോലെ'' എന്നാണ് എഴുത്തച്ഛന്‍ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയില്‍ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പര്‍വതങ്ങള്‍ ഇളകുകയും ചെയ്തുവത്രെ! അത്രയും ശക്തനായിരുന്നു ആ പക്ഷി.
രാവണന്റെ ചാപങ്ങളെ ജടായു പൊടിച്ചുകളഞ്ഞു. പത്ത് മുഖങ്ങളും കാല്‍നഖംകൊണ്ട് കീറിമുറിച്ചു. മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തേര്‍ത്തടം തകര്‍ത്തു. കാല്‍ക്ഷണംകൊണ്ട് കുതിരകളെയെല്ലാം കൊന്നുവീഴ്ത്തി. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാവണന്‍ ചഞ്ചലനായി. തന്റെ യാത്ര മുടങ്ങുക മാത്രമല്ല കീര്‍ത്തി മുടിയുകയും ചെയ്യും എന്നുഭയന്ന രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞു. നിസ്സഹായനായി ജടായു നിലത്തുവീണു.
തന്റെ ഭര്‍ത്താവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞല്ലാതെ ജീവന്‍ വെടിയില്ലെന്ന് സീതാദേവി അനുഗ്രഹിച്ചതനുസരിച്ച് ജടായു രാമനെ കാത്തുകിടന്നു. സീതയെത്തേടി രാമലക്ഷ്മണന്മാര്‍ അലഞ്ഞുനടക്കുമ്പോഴാണ്, തകര്‍ന്നുകിടക്കുന്ന രാവണരഥവും സമീപത്തായി കിടക്കുന്ന ജടായുവിന്റെ ഘോരരൂപവും രാമലക്ഷ്മണന്മാര്‍ കാണുന്നത്. വധിക്കാനടുത്ത രാമനോട്, താന്‍ വധ്യനല്ലെന്നും രാമന്റെ ഭക്തദാസനും ദശരഥന്റെ മിത്രവുമായ ജടായുവാണെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. 'രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോയി' എന്നുപറയാനേ ജടായുവിന് കഴിഞ്ഞുള്ളൂ. ''തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം'' എന്നായിരുന്നു ഭക്തനായ ജടായുവിന്റെ അന്ത്യാഭിലാഷം. രാമന്റെ തൃക്കൈകൊണ്ടുള്ള ലോടലേറ്റുകൊണ്ടുതന്നെ ജടായു ജീവന്‍വെടിഞ്ഞു. പിതൃമിത്രംകൂടിയായ ജടായുവിന്റെ മൃതശരീരം രാമന്‍ മടിയില്‍വെച്ച് കണ്ണീര്‍വാര്‍ത്തു. പിന്നീട് ലക്ഷ്മണന്‍ ഒരുക്കിയ ചിതയില്‍വെച്ച് ഉദകക്രിയകളെല്ലാം അനുഷ്ഠിച്ചു. സൂര്യതുല്യം ശോഭയോടുകൂടി വിഷ്ണു പാര്‍ഷദന്മാരാല്‍ സ്വീകരിക്കപ്പെട്ടാണത്രെ ജടായു വിഷ്ണുലോകം പൂകിയത്. അതിനുമുമ്പേ രാമനെ കൈക്കൂപ്പിക്കൊണ്ട് ജടായു നടത്തിയ സ്തുതി രാമനാല്‍ ശ്ലാഘിക്കപ്പെട്ടു. വെറും പക്ഷിയായിരുന്നിട്ടും വിഷ്ണു സാരൂപ്യം പ്രാപിച്ച് ബ്രഹ്മപൂജിതപദം പ്രാപിക്കാന്‍ തന്റെ ഭക്തികൊണ്ടും ത്യാഗംകൊണ്ടും ജടായുവിന് സാധിച്ചു.
കടപ്പാട് Whatsapp
Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ